ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ

കഥകളി അരങ്ങേറ്റത്തിനും ശങ്കരൻകുട്ടിയുടെ ആദ്യ നാടകം "ഐക്യമുന്നണി" യുടെ രചനയ്ക്കും സാക്ഷ്യം വഹിച്ച ചങ്ങൻകുളങ്ങര മഹാദേവർക്ഷേത്രം. ക്ഷേത്രഭരണസമിതിയും ചങ്ങൻകുളങ്ങര പൗരാവലിയും ചേർന്ന് സംഘടിപ്പിച്ച സമ്മേളനത്തിൽ തന്ത്രിമുഖ്യൻ ആദിത്യൻ നമ്പൂതിരിയിൽനിന്ന് ഓച്ചിറ ശങ്കരൻകുട്ടി ചങ്ങൻകുളങ്ങര മഹാദേവർ പുരസ്കാരം(1985) ഏറ്റുവാങ്ങി.

കേരള സംഗീത നാടക അക്കാദമി സംസ്ഥാന അവാർഡ് (1999), കേരള സാഹിത്യ അക്കാദമി പ്രത്യേക പുരസ്കാരം (1979), കലാദർപ്പണം അവാർഡ് (2001), ആർട്ട്​ & കൾച്ചറൽ മൂവ്മെന്റ് ഓഫ് ഇന്ത്യ കലാകുലശ്രേഷ്ഠ പുരസ്കാരം (2006), യേശുദാസ് ഗാനഗന്ധർവ്വ സംഗീതം സ്വരലയ-കൈരളി പുരസ്കാരം (2009), ACMI സമഗ്ര സംഭാവ നാപുരസ്കാരം (2010), സംസ്കൃതി ആചാര്യവന്ദനം പുരസ്കാരം (2012) എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ നൽകി കലാ സാംസ്കാരിക കേരളം നാട്യാചാര്യൻ ഓച്ചിറ ശങ്കരൻകുട്ടിയെ ആദരിച്ചു.

കേരള സംഗീത നാടക അക്കാദമി അംഗം (2004-06), ആർട്ട് & കൾച്ചറൽ മൂവ്മെന്റ് ഓഫ് ഇന്ത്യ ജില്ലാ രക്ഷാധികാരി, ഓച്ചിറ കൊല്ലം വേലുക്കുട്ടി കലാകേന്ദ്രം രക്ഷാധികാരി, കരുനാഗപ്പള്ളി കലാകേരളം അക്കാദമി ഓഫ് ആർട്ട്സ് ഉപദേശക സമിതി അംഗം, ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസ്. പി.ടി.എ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

സപ്തതി ആഘോഷിക്കാൻ നാട്യാചാര്യൻ കൂട്ടാക്കിയില്ല. ശതാഭിഷേകം കെങ്കേമമാക്കാൻ തീരുമാനിച്ച് ആരാധകരും നാട്ടുകാരും സമീപിച്ചെങ്കിലും അദ്ദേഹം അവരെ നിരുത്സാഹപ്പെടുത്തി.