ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ


കുടുംബം

ഇരുപത്തിയൊന്നാം വയസിൽ (1947) ഓച്ചിറ ശങ്കരൻകുട്ടി, അച്ഛന്റെ സഹോദരീപുത്രി ദേവകിഅമ്മയെ വിവാഹം ചെയ്തു. 1948ൽ ചന്ദ്രമോഹനന്റെ ജനനം. കുടുംബത്തുണ്ടായ ചില പൊരുത്തക്കേടുകളാൽ ശങ്കരൻകുട്ടി കീരിക്കാട്, പുല്ലുകുളങ്ങര, പുത്തൻകണ്ടത്തിൽ ഗോവിന്ദപ്പിള്ളയുടേയും ഗൗരിഅമ്മയുടേയും മകൾ പാറുക്കുട്ടി അമ്മയെ രണ്ടാംഭാര്യയായി സ്വീകരിച്ച് വിവാഹം ചെയ്‌തു (1957) എങ്കിലും സന്താനങ്ങൾ ഇല്ല.


FAMILY-1

നാലു തലമുറകൾ(2008)

മുതുമുത്തച്ഛന്റെ കലാവൈഭവത്തിനൊരു പിന്മുറക്കാരിയാണ് കൃഷ്ണവേണി.ഓച്ചിറ പി.ആർ.കാട്ടിയ പാതയിൽ അവൾ പ്രതിഭതെളിയിച്ചു.

മലയാള പ്രസംഗത്തിന് ചെറുപ്പം മുതലേ സമ്മാനങ്ങൾ വാരിക്കൂട്ടി. തിരുവനന്തപുരത്ത് നടന്ന 56-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ(2015-2016) ‘എ’ ഗ്രേഡ് നേടി. ലൈബ്രറി കൗൺസിൽ, സഹകരണവകുപ്പ് എന്നിവയുടേതുൾപ്പെടെ നിരവധി ഒന്നാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ജീവിത സായാഹ്നം

2013 മേയ് 6 തിങ്കളാഴ്ച ഉച്ചതിരിഞ്ഞു. ഉച്ചഭക്ഷണം കഴിഞ്ഞ് നാട്യാചാര്യൻ പൂമുഖത്ത് വിശ്രമിക്കവേ വാതിൽപ്പടിയിൽ തട്ടിവീണു. വേഗം കിടക്കയിലേക്ക് മാറ്റി. ഒന്നും പറ്റിയില്ല.അടുത്തദിവസം പരസഹായത്തോടെയാണ് കിടക്കയിൽനിന്ന് എഴുന്നേറ്റത്. അങ്ങിങ്ങ് ദേഹംവേദനയുണ്ട്. ദിവസം കഴിയുന്തോറും കിടക്കയിൽ നിന്ന് എഴുന്നേൽക്കേണ്ട എന്നായി. ആഹാരവും മടുത്തുതുടങ്ങി.

മേയ് 16 വ്യാഴം. വലിയകുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നുയർന്ന

“പ്രകൃതികാരിണീ! നടനരൂപിണീ!,
ത്രിപുരസുന്ദരീ! സ്വയംഭൂവേ!
വിളയാടേണം നീ മമഹൃത്തിൽ,
വലിയകുളങ്ങര വാഴും വനദുർഗേഗ....''

എന്ന സ്വന്തം കീർത്തനം കേട്ടുണർന്ന സുപ്രഭാതം.


തലയൽപ്പം ഉയർത്തിവയ്ക്കണമെന്ന് നാട്യാചാര്യൻ നിർദ്ദേശിച്ചു. മകനും മരുമകളും സഹായിച്ചു. രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മരുന്നുകൾ കഴിച്ചു വിശ്രമിച്ചു. മൂന്നുമണിയോടെ കുറുകുറുപ്പും ശ്വാസതടസവും അനുഭവപ്പെട്ടുതുടങ്ങി. ബന്ധുക്കളും ആരാധകരും ഓടിക്കൂടി.വൈകിട്ട് അഞ്ചുമണി. രംഗം വഷളായിക്കൊണ്ടിരുന്നു.കൺപോളകൾ ആടിത്തുടങ്ങി. നാട്യാചാര്യൻ വിസ്‌മൃതിയിലേക്ക് വീഴാൻ സമയമടുത്തു. കൃഷ്ണവേണി മുതുമുത്തച്ഛന്റെ ചുണ്ടിൽ തുളസിജലം വീഴ്ത്തിക്കൊടുത്തു.ഉൽക്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി. ഉറ്റോരും ഉടയോരും സാക്ഷിയായി ഓച്ചിറയുടെ നാട്യാചാര്യൻ ഭൗതികദേഹം വെടിഞ്ഞ്, മായാത്ത കാൽപ്പാടുകൾ അടയാളപ്പെടുത്തി ജീവിതത്തിൽ നിന്ന് മാഞ്ഞു പോയി!

മേയ് 17 വെള്ളിയാഴ്ച മൂന്നുമണിയോടെ സംസ്കാരച്ചടങ്ങുകൾ തുടങ്ങി. ജീവിതത്തിന്റെ വിവിധതുറകളിൽപ്പെട്ട ആരാധകർ അന്ത്യാഞ്ജലികൾ അർപ്പിച്ചു. വലിയകുളങ്ങര പരമേശ്വരമന്ദിരം വീട്ടുവളപ്പിൽ മകൻ ചന്ദ്രമോഹനൻ ചിതയ്ക്ക് തീകൊളുത്തി. പരിസരം ശോകമൂകമായി.

സമാനതകളില്ലാത്ത സാംസ്കാരിക പൈതൃകം ബാക്കിവെച്ച സകലകലാവല്ലഭന് മലയാളം യാത്രാമൊഴിനൽകി.