ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ

ഏറെ അച്ചടക്കത്തോടും സൂക്ഷ്മതയോടും അഭ്യസിക്കേണ്ട കലാരൂപമാണ് കഥകളി. പഠനം ഏറെ ദുഷ്കരമായിരുന്നു. ഓച്ചിറ പടനിലത്തുനിന്നും ഹരിനാമകീർത്തനം ഉയരുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ആരംഭിച്ച് ത്രിസന്ധ്യ വരെയായിരുന്നു സമയക്രമം. ആയാസച്ചാട്ടം, അംഗപ്രത്യംഗ ഉപാംഗ അഭിനയം, മെയ്യ് സാധകം, ചുവടുസാധകം, പാദമുദ്രാ പഠനങ്ങൾ, കണ്ണുസാധകം എന്നിങ്ങനെയായിരുന്നു പഠനക്രമം.

ത്രേതായുഗത്തിൽ പരശുരാമൻ പ്രതിഷ്ഠിച്ച പ്രാചീന ശിവക്ഷേത്രമായ ചങ്ങൻകുളങ്ങര മഹാദേവക്ഷേത്രത്തിൽ അരങ്ങേറ്റം. അച്ഛനും ഗുരുവിനും കഥകളി പഠനക്കളരി കാരണവർക്കും ദക്ഷിണ നൽകി. രുഗ്മിണീസ്വയംവരത്തിലെ രുഗ്മന്റെ വേഷം കെട്ടിയാടി. തികഞ്ഞ ആത്മവി ശ്വാസത്തോടെയാണ് ശങ്കരൻകുട്ടി അരങ്ങിൽനിന്ന് അണിയറയിൽ എത്തിയത്. അടുപ്പക്കാർ അടുത്തുപിടിച്ച് അനുമോദിച്ചു. സമ്മാനങ്ങൾ നൽകി അനുഗ്രഹിച്ചു.

"ആട്ടക്കാരൻ ആശാൻ' എന്ന് ആസ്വാദകർ ആർത്തു വിളിച്ച ചീരാഴി രാഘവൻപിള്ള ആശാൻ:- ചൊല്ലിയാട്ടം, അഷ്ടകലശ ലയവിന്യാസം, ഹസ്തമുദ്രകൾ, ചുവടുസാധകം, ലാസ്യം, താണ്ഡവം എന്നിവയും തെക്കൻ-വടക്കൻ ചിട്ടകളും ശങ്കരൻകുട്ടിയെ അഭ്യസിപ്പിച്ച് തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ചങ്ങൻകുളങ്ങരയിൽ കളിയോഗം സ്ഥാപിച്ച ആശാൻ കഥകളിയുടെ പ്രതാപം നിലനിർത്തി.

ഉത്തരാസ്വയംവരത്തിലെ ബൃഹന്നള, ദക്ഷയാഗത്തിലെ ദക്ഷൻ, കിരാതത്തിലെ അർജ്ജുനൻ തുടങ്ങിയ വേഷങ്ങളും ശങ്കരൻകുട്ടിയെ ശ്രദ്ധേയനാക്കി.കുമാരനാശാന്റെ കരുണയെന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി ഡോ.വേലുക്കുട്ടി അരയൻ രചിച്ച വാസവദത്ത നിർവ്വാണം ആട്ടക്കഥയിലാണ് ശങ്കരൻകുട്ടി ഏറ്റവും ഒടുവിൽ കഥകളി വേഷം കെട്ടിയത്.

ആകാരസൗഷ്ഠവം,അരങ്ഔചിത്യം,ചിട്ടയോടെ മെയ്‌വഴക്കം,ആട്ടക്കഥാസാഹിത്യത്തിലെ പാണ്ഡിത്യം എന്നിവ പിൽക്കാലത്ത് ശങ്കരൻകുട്ടിയെ ആചാര്യസ്ഥാനത്തെത്തിച്ചു.