ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ

കേരള നവോത്ഥാന പ്രസ്ഥാനത്തിൽ പങ്കാളിയായി, കഥകളിയും നൃത്തവും നാടകവും സമന്വയിപ്പിച്ചു രംഗാവിഷ്കാരം നടത്തി, നാട്ടിൽ നടമാടിയിരുന്ന അസമത്വത്തിനും, അനീതിക്കും,അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ കലാവിപ്ലവം കൊയ്ത നവോത്ഥാന നർത്തകനാണു ഓച്ചിറ പി.ആർ.ശങ്കരൻകുട്ടി.1950 കളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടപ്പമായിരുന്നു ഓച്ചിറ ശങ്കരൻകുട്ടിയുടെ പ്രവർത്തനം. പൊൻകുന്നം ആര്യകലാനിലയത്തിൽ നൃത്ത അദ്ധ്യാപകനായിരിക്കെ(1954-56), ഓച്ചിറ ശങ്കരൻകുട്ടി 1952-ൽ എഴുതിയ "മനുഷ്യൻ മുന്നേറുന്നു" എന്ന സാമൂഹ്യ നാടകം കഥകളിയും നൃത്തവുമായി കൂട്ടിയിണക്കി, നൃത്തനാടകമാക്കി കുട്ടികളുടെ അരങ്ങേറ്റം നടത്തി.

അരിവാളും ചുറ്റികയും ചെങ്കൊടിയുമേന്തി, ചെങ്കുപ്പായമണിഞ്ഞ വാളണ്ടിയർമാർ പട്ടാളച്ചിട്ടയിൽ ചുവടുവച്ച് , അസമത്വത്തിനും അനാചാരങ്ങൾക്കുമെതിരെ വിപ്ലവ കാഹളങ്ങൾ മുഴക്കി, കാണികളെ ആശ്ചര്യപ്പെടുത്തി.നവോത്ഥാന പ്രസ്ഥാനത്തിൽ പുതിയ പ്രവർത്തനശൈലി വിളംബരം ചെയ്യുന്നതായിരുന്നു "മനുഷ്യൻ മുന്നേറുന്നു" എന്ന നൃത്തനാടകം.

കമ്മ്യൂണിസ്ററ് ആശയങ്ങൾ നാടെങ്ങും അലയടിച്ചുയരുന്ന കാലഘട്ടത്തിൽ ജന്മി കുടിയാൻ വ്യവസ്ഥിതിക്കെതിരേ " ആഭിജാത്യ വിഷപ്പാമ്പ് " എന്ന കവിതയെഴുതി(1949) നവോത്ഥാന പ്രവർത്തനത്തിന് നാന്ദി കുറിച്ചു. പറക്കോട് വടക്കടത്തുകാവ് സംസ്കൃതസ്കൂൾ പ്രസിദ്ധീകരിച്ച ദയാനന്ദ സുവനീറിൽ ഈ കവിത അച്ചടിച്ചുവന്നത് നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.നിരവധി പീഡനങ്ങളും ത്യാഗങ്ങളും ശങ്കരൻകുട്ടിക്ക് സഹിക്കേണ്ടതായി വന്നു. വള്ളത്തൊഴിലാളി സമരത്തിലൂടെയും കർഷകത്തൊഴിലാളി സമരത്തിലൂടെയും മനുഷ്യ വിമോചനത്തിനായി യത്നിച്ചു . നിരവധി രാഷ്ട്രീയ കേസുകളിൽപ്പെട്ട് കോടതി കയറി. മകന്റെ രാഷ്ട്രീയ പ്രവർത്തനം മൂലം അച്ഛന്റെ ദേവസ്വം ജോലി നഷ്ടപ്പെട്ടു.വീട് പട്ടിണിയിലായി.

തെങ്ങമം ബാലകൃഷ്ണനും പി .ആർ . ശങ്കരൻകുട്ടിയും പിൽക്കാലത്തു കുടുംബ സുഹൃത്തുക്കളായി.1950 ഡിസംബറിൽ ജയിൽ വിമോചിതനായ തെങ്ങമം കായംകുളത്തെ താമസത്തിനിടയിൽ ചങ്ങൻകുളങ്ങരവച്ച് ശങ്കരൻകുട്ടിയെ ആദ്യമായി കണ്ടുമുട്ടി, സുഹൃത്തുക്കളായി . ശങ്കരൻകുട്ടിയിൽ എന്തൊക്കെയോ സവിശേഷതകൾ ഉണ്ടെന്ന് തെങ്ങമം മനസിലാക്കി .ശങ്കരൻകുട്ടി എഴുതിയ "ഐക്യ മുന്നണി " എന്ന സാമൂഹ്യ നാടകം തെങ്ങമത്തിനു നന്നേ പിടിച്ചു .ജീവിതത്തിന്റെ തിളക്കമാർന്ന കാലം രണ്ടുപേരും വ്യത്യസ്ത മേഖലകളിൽ വ്യാപരിച്ച് പ്രശസ്തി നേടി.നീണ്ട ഇടവേളയ്ക്കു ശേഷം തെങ്ങമത്തിനെ വീണ്ടും കണ്ടു മുട്ടിയത് ശങ്കരൻ കുട്ടിയുടെ ജീവിതത്തിനുണർവേകി.

ഓച്ചിറ പി.ആർ.ശങ്കരൻകുട്ടിയുടെ ലഘു ജീവിതചരിത്രം തന്നെ തെങ്ങമം സ്വന്തം ആത്മകഥയിൽ നിറക്കൂട്ടില്ലാതെ നിറച്ചു വച്ചിട്ടുണ്ട് .
തെങ്ങമം ബാലകൃഷ്ണന്റെ ആത്മകഥ ('നിറക്കൂട്ടില്ലാതെ '-അധ്യായം-10, ഓണാട്ടുകരയുടെ ഹൃദയത്തിലേക്ക്, പുറം 79, 80) യിൽ നിന്ന് -

"കായംകുളത്തെ താമസത്തിനിടയിൽ ചങ്ങൻകുളങ്ങരയിൽ വച്ച് ഞാനൊരു ചെറുപ്പക്കാരനെ പരിചയപ്പെടുകയുണ്ടായി.കാഴ്ച്ചയിൽ ഒരു നർത്തകന്റെ രൂപഭാവാദികളാണ് ആ യുവാവിനുണ്ടായിരുന്നത്. ചങ്ങൻകുളങ്ങര നേരത്തെ തന്നെ കുറച്ച് പാർട്ടി പ്രവർത്തനമുള്ള സ്ഥലമാണ് .അയാൾ കമ്മ്യൂണിസ്റ്റ് കാരനാണോ എന്നെനിക്കറിയില്ലായിരുന്നു. പക്ഷെ എന്നോടയാൾ വളരെ അടുപ്പം കാണിച്ചു. അയാൾ എഴുതിയ ഒരു നാടകം എന്നെ കാണിച്ചു. അതിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ തിരുത്തണമെന്നും പറഞ്ഞു. ചങ്ങൻകുളങ്ങര ക്ഷേത്രത്തിന്റെ കളിത്തട്ടിലിരുന്ന് ഞങ്ങൾ ഒരുമിച്ച് നാടകം തിരുത്തി."ഐക്യ മുന്നണി" എന്നായിരുന്നു അതിന്റെ പേര് എന്നാണ് എന്റെ ഓർമ. അത് പിന്നീട് അരങ്ങിലെത്തിച്ചോ എന്നെനിക്കറിയില്ല. പി.ആർ.ശങ്കരൻകുട്ടിയെന്നായിരുന്നു ആ യുവാവിന്റെ പേര്. വർഷങ്ങൾക്കു ശേഷം എനിക്കൊരു കത്ത് കിട്ടി. ആ പഴയകാല സൗഹൃദം ഓർമ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. ശങ്കരൻകുട്ടി, ഓച്ചിറ പി . ആർ .ശങ്കരൻകുട്ടിയായി വളർന്നിരിക്കുന്നു. കഥകളിയഭ്യസിച്ചിട്ടുള്ള അദ്ദേഹം ഗുരു ഗോപിനാഥിന്റെ സംഘത്തിലും കൽക്കട്ടിയിൽ ഉദയ ശങ്കറിന്റെ നൃത്ത സംഘത്തിലും അംഗമായി പ്രവർത്തിച്ചിരുന്നു. കാലിന് സുഖമില്ലാത്തതതിനാൽ നൃത്ത വേദിയിൽ നിന്ന് മാറി നിൽക്കാൻ നിർബന്ധിതനായി. തുടർന്നുള്ള ഞങ്ങളുടെ സൗഹൃദം കുടംബ ബന്ധം പോലെയായി മാറി. അദ്ദേഹമെഴുതിയ സർപ്പസത്രമെന്ന കൃതിക്ക് ഞാൻ തന്നെ അവതാരികയെഴുതണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. നർത്തകൻ മാത്രമല്ല എഴുത്തുകാരൻ കൂടിയായ ഓച്ചിറ പി . ആർ .ശങ്കരൻകുട്ടിക്ക് സാഹിത്യ അക്കാദമിയിലെയും സംഗീത നാടക അക്കാദമിയിലെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ നിർവ്വാഹക സമതി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. അർഹമായ അംഗീകാരം ഇനിയും കിട്ടാത്ത കലാകാരനാണ് ശങ്കരൻകുട്ടി".

കേരളത്തിലെ അരയ ജനവിഭാഗത്തെ സംഘടിപ്പിച്ച് "സമസ്ത കേരളീയ അരയ മഹാജനയോഗം" രൂപീകരിച്ച്, അരയ സമൂഹത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ഡോ. വേലുക്കുട്ടി അരയനും(1894- 1969), പുത്രൻ അഡ്വ :വി.വി നാഗേന്ദ്രനും(1927-2012),പൗത്രൻ അനിൽ വി.നാഗേന്ദ്രനും, ഓച്ചിറ പി.ആർ.ശങ്കരൻകുട്ടിയുടെ ആത്മ മിത്രങ്ങളായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിലക്കുള്ള അക്കാലത്ത്, ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനത്തിന്റെ താവളമായും സാമൂഹ്യ പിന്നോക്കാവസ്ഥക്കെതിരെ സാമാന്യ ജനങ്ങളിൽ അവബോധം വളർത്താനും 1946- ൽ ഓച്ചിറ പി . ആർ .ശങ്കരൻകുട്ടിയും സുഹൃത്തക്കളായ ആർ.എസ്സ്.വാര്യർ, കടയ്ക്ക മീനത്തേരിൽ മാധവസ്വാമി, തയ്യിൽ ദിവാകരൻ, രാമകൃഷണൻ ആചാരി, സുകുമാരൻ നായർ, ഹരിദാസൻ, മണ്ണന്റയ്യത്ത് ശ്രീധരൻ എന്നിവരും ചേർന്ന് ചങ്ങൻകുളങ്ങരയിൽ "ചലനം വായന ശാല" എന്ന പേരിൽ ഒരു സാംസ്കാരിക കേന്ദ്രം തുടങ്ങി. ചലനത്തിന്റെ ലക്ഷ്യം പരിപൂർണമായി നിറവേറ്റാൻ കഴിഞ്ഞുവെന്നതാണ് ചങ്ങൻകുളങ്ങരയുടെ കലാ സാംസ്ക്കാരിക ഉന്നമനം സാക്ഷ്യം വഹിക്കുന്നത്. 1955 ന്റെ അവസാനത്തോടെ വള്ളത്തോൾ നാരായണമേനോൻ വലിയകുളങ്ങര ദേവി ക്ഷേത്ര മൈതാനത്തു നടന്ന പൊതുസമ്മേളനത്തിൽ ചലനം വായനശാലയെ ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാല & വായനശാലയായി പുനർനാമകരണം ചെയ്തത് തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിൽ അംഗമാക്കി .


മലയാളി മനസ്സിൽ കട്ടപിടിച്ചുകിടന്ന ജാതിക്കറ കഴുകിക്കളഞ്ഞും പുരോഗമനാശയങ്ങൾ പ്രചരിപ്പിച്ചും കമ്മൂണിസം ജനമുന്നേറ്റമുണ്ടാക്കി. ചുമന്ന പതിറ്റാണ്ടെന്നു 1950 കൾ അറിയപ്പെട്ടു. 1957 ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി ചരിത്രം സൃഷ്ടിച്ചു.

കല-സാഹിത്യ -സാംസ്കാരിക രംഗകളെ സജീവ രാഷ്ട്രീയത്തിൽ ബന്ധപ്പെടുത്തിയ ഓച്ചിറ ശങ്കരൻകുട്ടി, മാനുഷിക പീഡനങ്ങൾക്കെതിരേ സഹതപിച്ച് മാനവമഹത്വം മാറോടണച്ച്,1960 കളുടെ തുടക്കത്തിൽ രാഷ്ട്രീയം ഉപേക്ഷിച്ചു ദേശീയ നൃത്ത രംഗത്ത് സജീവമായി.

അന്ത്യംവരെ, സമത്വത്തിന്റെ സന്ദേശ വാഹകനായിരുന്നു നവോത്ഥാന നർത്തകൻ ആയിരുന്ന ഓച്ചിറ ശങ്കരൻ കുട്ടി.