ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ

കഥകളിയിലെ താളമേളങ്ങളും നർത്തകർക്ക് ചേരുന്ന വേഷഭൂഷാദികളുമാണ് കേരളനടനത്തിന് ഉപയോഗിക്കാറുള്ളത്. ചെണ്ട, മദ്ദളം, ഇലത്താളം, കൂടാതെ ഹാർമോണിയം, തബല, സിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും ആവശ്യത്തിന് ഉപയോഗിക്കാറുണ്ട്. ഭാരതത്തിലെ ഏതുഭാഷയ്ക്കും യോജ്യമാണ് കേരളനടനം.നടനചാരുതയും അവതരണ ലാളിത്യവും കേരളനടനത്തെ ഹൃദ്യമാക്കുന്നു.

സാമൂഹിക സമകാലിക വിഷയങ്ങൾ അവതരിപ്പിച്ച് ജനശ്രദ്ധനേടാൻ ഏറ്റവും പറ്റിയ മാധ്യമമാണ് കേരളനടനം എന്ന് കണ്ടാണ് സാമൂഹ്യ നാടകവും കേരളനടനവും സമന്വയിപ്പിച്ച നൃത്തനാടകം, സാമൂഹിക അനീതിക്കെതിരേ ആഞ്ഞടിക്കാൻ നവോത്ഥാനകാലത്ത് ഓച്ചിറ ശങ്കരൻകുട്ടി പ്രയോജനപ്പെടുത്തിയത്. ആദ്യകാലത്ത് ഈ നൃത്തരൂപം കഥകളി ഡാൻസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

കഥകളി, വിദേശികളുടെ അംഗീകാരം നേടുന്നതിനു മുൻപുതന്നെ ലോകമെമ്പാടും പ്രചാരം സിദ്ധിച്ച കേരളനടനം, സാക്ഷാൽ കഥകളിക്കുതന്നെ ലോകപ്രശസ്തി നേടിക്കൊടുക്കാൻ നിർണ്ണായക പങ്കുവഹിച്ചു.

കേരളനടന ശൈലിയിൽചിട്ടപ്പെടുത്തിയ പ്രസ്തുത നൃത്തശില്പങ്ങൾ ആസ്വദിച്ച കലാലോകം, അഭിനന്ദനങ്ങളും പൊന്നാടകളും കീർത്തിപത്രങ്ങളും പുരസ്കാരങ്ങളും നൽകി ശങ്കരൻകുട്ടിയെ ആദരിച്ചു. പന്നിശ്ശേരി നാണുപിള്ളയുടെ ഭദ്രകാളി വിജയം ആട്ടക്കഥ, നൃത്താവിഷ്കാരം നടത്തിയതാണ് ഭദ്രകാളി വിജയം ബാലെ.

ക്ഷേത്രാങ്കണത്തിന് ഇണങ്ങുംവണ്ണം വർണ്ണിക്കുന്ന പുണ്യപുരാണകഥകൾ. ലളിതമായ ഭാഷാശൈലി. കേരളത്തനിമയാർന്ന നടനചാരുതയും താളമേളങ്ങളും വേഷഭൂഷാദികളും. നൂറുശതമാനം കൃത്യതയോടെ ചിട്ടപ്പെടുത്തിയ നൃത്തവും സംഗീതവും. ആസ്വാദകന്റെ അഭിരുചി അറിഞ്ഞ സംവിധാനശൈലി. ഇവയെല്ലാം കേരളനടനത്തിന് പ്രചാരവും പ്രശസ്തിയും നേടിക്കൊടുത്തു.

ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട മത്സരാർത്ഥികളിൽ, കേരള സംസ്ഥാന സ്കൂൾകലോത്സവത്തിൽ കേരള നടന മത്സരത്തിന് ഏറ്റവും കൂടുതൽ മാർക്കുനേടി ഒന്നാമതെത്തുന്ന ഒരു മത്സരാർത്ഥിക്കാണ് കേരളനടന ശ്രീശങ്കര പുരസ്കാരം നേടാൻ അർഹത ഉണ്ടായിരുന്നത്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ സമാപന ചടങ്ങുകൾ നടന്ന വേദികളിൽ വച്ച് സമ്മേളനങ്ങളുടെ മുഖ്യ അതിഥികൾ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

2005-06 അദ്ധ്യയനവർഷത്തെ കേരളനടന ശ്രീശങ്കര പുരസ്കാരം , 23-01-2006 ൽ എറണാകുളത്തുനടന്ന സംസ്ഥാന സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിന്റെ മുഖ്യ അതിഥി അന്നത്തെ ബഹു: വിദ്യാഭ്യാസമന്ത്രി ശ്രീ. ഇ.റ്റി. മുഹമ്മദ് ബഷീറിൽനിന്നും കൽപ്പറ്റ എൻ.എസ്.എസ് എച്ച്.എസ്.എസിലെ വി.ആർ. പാർവ്വതിരാജ് സ്വീകരിച്ചു.വേലുക്കുട്ടി അരയന്റെ ചെറുമകളും വി.വി. രാജേന്ദ്രന്റെ മകളുമാണ് വി. ആർ പാർവ്വതിരാജ്.

2006-07, 2007-08 അദ്ധ്യയനവർഷങ്ങളിലെ കേരളനടന ശ്രീശങ്കര പുരസ്കാരങ്ങൾ 14-01-2007-ൽ കണ്ണൂരിലും 14-01-2008 ൽ കൊല്ലത്തും നടന്ന സമാപനസമ്മേളനങ്ങളുടെ മുഖ്യ അതിഥിയായിരുന്ന അന്നത്തെ ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. എം.എ.ബേബിയിൽനിന്നും തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് എച്ച്.എസ്.എസിലെ ശ്രീദേവി എസ് പുരസ്കാരങ്ങൾ സ്വീകരിച്ചു.തിരുവനന്തപുരം ആറ്റുകാൽ ശ്രീഹരിയിൽ വി. ഗോപകുമാറിന്റെ മകളാണ് ശ്രീദേവി.

2008-09 അദ്ധ്യയന വർഷത്തെ കേരളനടന ശ്രീശങ്കര പുരസ്കാരം 05-01-2009 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന അന്നത്തെ ബഹു:വിദ്യാഭ്യാസമന്ത്രി ശ്രീ. എം.എ. ബേബിയിൽനിന്ന് പാലക്കാട് പുളിയപറമ്പ് എച്ച്.എസ്.എസിലെ ശാരിക റ്റി പുരസ്കാരം ഏറ്റുവാങ്ങി

2009-10 അദ്ധ്യയന വർഷത്തെ കേരളനടന ശ്രീശങ്കര പുരസ്കാരത്തിന് മാവേലിക്കര വള്ളികുന്നം എ.ജി.ആർ.എം എച്ച്.എസ്.എസിലെ ശ്രീവാണി അന്തർജനം അർഹയായി. 15-01-2010 ൽ കോഴിക്കോട്ടുവച്ചായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവം. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പുരസ്കാരവിതരണം നടക്കാതിരുന്നതിനാൽ സഞ്ചാർശ്രീ ചന്ദ്രമോഹനനിൽനിന്ന് ശ്രീവാണി അന്തർജനം പുരസ്കാരം ഏറ്റുവാങ്ങി. വെട്ടിക്കോട്ട് ശ്രീനാഗരാജ ക്ഷേത്ര കുടുംബാംഗമാണ് ശ്രീവാണി അന്തർജനം.

കേരളനടന ശ്രീശങ്കര പുരസ്കാര വിതരണം സംസ്ഥാന സ്കൂൾ കലോത്സവസമാപന സമ്മേളനവേദിയിൽ മുഖ്യാതിഥി നിർവ്വഹിക്കും എന്ന വ്യവസ്ഥ 15-01-2010 ൽ കോഴിക്കോട്ടുവച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ലംഘിച്ചതിനാൽ, അടുത്തവർഷം മുതൽ കേരളനടന ശ്രീശങ്കര പുരസ്കാരം നൽകേണ്ടതില്ലെന്ന് ഓച്ചിറ ശങ്കരൻകുട്ടി തീരുമാനിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം അറിയിച്ചു.